ഒറ്റനോട്ടത്തിൽ
വടകര താലൂക്കിലെ മുട്ടുങ്ങൽ പക്രംതളം റോഡിൽ മുട്ടുങ്ങലിൽ നിന്നും 15 കിലോമീറ്റർ കിഴക്ക് മാറിയാണ് കുന്നുമ്മൽ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ചെറുതും വലുതുമായ പതിനേഴ് കുന്നുകൾ ഈ പഞ്ചായത്തിലുണ്ട്. പഞ്ചായത്തിന് ‘കുന്നുമ്മൽ’ എന്ന് പേര് വരാൻ കാരണം ‘കുന്നുകളുടെ കൂട്ടം’ സ്ഥിതിചെയ്യുന്നതുകൊണ്ടാണെന്ന് പറയപ്പെടുന്നു. ധാരാളം ജലസ്രോതസ്സുകൾ ഈപഞ്ചായത്തിന്റെ വരദാനമാണ്. കുളങ്ങളും വർഷംമുഴുവൻ ഒഴുക്കുള്ള അരുവികളുമായിരുന്നു പ്രധാന ജലസ്രോതസ്സുകൾ. പല അരുവികളും ഇന്ന് നികത്തപ്പെട്ടിരിക്കുന്നു. അവശേഷിക്കുന്നവ ജനുവരിമുതൽതന്നെ വറ്റിവരുണ്ടുപോകുന്നു. ജൈവസമ്പത്തിൽ ഗണ്യമായ ശോഷണം സംഭവിച്ചിരിക്കുന്നു. അടിസ്ഥാന ഭൂപടം പരിശോധിച്ചാൽ കുന്നുമ്മലിൽ 119.11 ഹെക്ടർ നെൽവയലുകൾ ഉണ്ടായിരുന്നതായി കാണാം. ഇന്ന് 10 ഹെക്ടർമാത്രമേ അവശേഷിക്കുന്നുള്ളൂ. നെൽവയലുകളുടെ ശോഷണം കാരണം വർഷകാലത്ത് വെള്ളപ്പൊക്കവും, വേനൽകാലത്ത് വരൾച്ചയും അനുഭവപ്പെടുന്നു. മുൻവർഷങ്ങളിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളുടെ ചരിത്രം പരിശോധിച്ചാൽ പ്രകൃതി ദുരന്തങ്ങൾ വലിയ പരിക്കുകൾ ഉണ്ടാക്കാത്ത ഭൂപ്രദേശമാണ് കുന്നുമ്മൽ.