ബഡ്ജറ്റ് 2025-26
കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത്
ബജറ്റ് 2025-26
പ്രിയ്യപ്പെട്ടവരേ,
കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിന്‍റെ 2025-26 വര്‍ഷത്തെ ബജറ്റ് ഭരണസമിതി മുമ്പാകെ അവതരിപ്പിക്കുകയാണ്. ഈ ബജറ്റ് യോഗത്തില്‍ ആമുഖ പ്രസംഗം നടത്തിയ ബഹുമാന്യയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, ഈ യോഗത്തില്‍ സന്നിഹിതരായിരിക്കുന്ന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറി, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങി മുഴുവന്‍പേരേയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
ഈ ഭരണസമിതിയുടെ അഞ്ചാമത്തേതും അവസാനത്തേതുമായ ബജറ്റ് ഇന്നിവിടെ അവതരിപ്പിക്കുന്നത് ഏറെ അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ്. വിഭവങ്ങളുടെ പരിമിതി പരിഗണിക്കാതെ ജനകീയാവശ്യങ്ങളേയും പ്രശ്നങ്ങളേയും വികസന കാഴ്ചപ്പാടുകളേയും പരാമാവധി അഭിമുഖീകിച്ചുകൊണ്ടും പൂര്‍ത്തീകരിച്ചുകൊണ്ടുമാണ് നാം ഒരു പുതിയ പദ്ധതി വര്‍ഷത്തിലേക്ക് കടക്കുന്നത്.ഭൂമിശാസ്ത്ര പരമായും വിഭവ പരിമിതി കൊണ്ടും ജില്ലയിലെ ഒരു ചെറിയ പഞ്ചായത്തിന്‍റെ നിരവധിയായ വികസന- ക്ഷേമ -പാരിസ്ഥിതിക- സാമൂഹിക പ്രശ്നങ്ങളെ ഒരു പ്രാദേശിക സര്‍ക്കാറിന്‍റെ അധികാര പരിധിയില്‍ നിന്നുകൊണ്ടും വിഭവങ്ങളുടെ പരിമിതികള്‍ക്കകത്തു നിന്നു കൊണ്ടും കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിന്‍റെ കരുത്തോടെയാണ് ഒരു പുതിയ വര്‍ഷത്തെ വികസന കാഴ്ചപ്പാടുകള്‍ ഈ ബജറ്റിലൂടെ മുന്നോട്ടു വെക്കുന്നത്.
വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് പങ്കുവെക്കാനുള്ളത്.തടസ്സമാവുന്നത് വിഭവങ്ങളുടെ കാര്യത്തിലെ പരാധീനതയാണ്.തനതു വരുമാനം ദൈനംദിനകാര്യങ്ങള്‍ക്കുമാത്രം തികയുന്ന ഒരു പഞ്ചായത്താണ് വലിയ സ്വപ്നങ്ങള്‍ പങ്കുവെക്കുന്നത്.പക്ഷേ, വിഭവങ്ങളുടെ ധാരാളിത്തമല്ല, വീതംവെപ്പിന്‍റെ നീതിശാസ്ത്രമാണ് ഒരു ഭരണകൂടത്തിന്‍റെ മനുഷ്യപക്ഷം എന്ന നിലപാടാണ് മുന്‍വര്‍ഷങ്ങളിലേതു പോലെ ഇപ്രാവശ്യവും ബജറ്റിലൂടെ മുന്നോട്ടുവെക്കുന്നത്.
1,37,01,961 രൂപ പ്രാരംഭ ബാക്കിയുള്‍പ്പടെ 19,99,16,464 രൂപ വരവും 18,31,08,423 രൂപ ചെലവും 1,68,08,041 രൂപ നീക്കിബാക്കിയുമുള്ള ബജറ്റാണ് 2025-26 വര്‍ഷത്തേക്ക് അവതരിപ്പിക്കുന്നത്.
പ്രാരംഭ ബാക്കി 13701961
വരവ് 186214503
ആകെ 199916464
ചെലവ് 183108423
നീക്കി ബാക്കി 16808041
ബജറ്റ് സംഗ്രഹം
എസ്റ്റാബ്ലിഷ്മെന്‍റ് ഉള്‍പ്പടെയുള്ള ദൈനംദിന ചെലവുകള്‍ ഓരോ വര്‍ഷം വര്‍ദ്ധിക്കുകയും തനത് വരുമാനം നാമമാത്രമായി മാത്രം വര്‍ദ്ധിക്കുകയും ചെയ്യുന്നു എന്ന പ്രതിസന്ധി നമുക്ക് മുന്നിലുണ്ട്.വസ്തു നികുതി,തൊഴില്‍ നികുതി,വിവിധ ഫീസുകള്‍ എന്നിവയാണ് പ്രധാനമായും നമ്മുടെ സ്വന്തം വരുമാനം.ജനറല്‍ പര്‍പ്പസ്സ് ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് ശംബളമുള്‍പ്പടെയുള്ള ചെലവുകള്‍ നടത്തിപ്പോവുന്നത്. വസ്തു നികുതി പരിഷ്കരണം നടന്നു വരുന്നുവെങ്കിലും കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഇനത്തില്‍ 50 ശതമാനം വരുമാന നഷ്ടം വരും വര്‍ഷങ്ങളില്‍ ഉണ്ടാക്കും.
നികുതി വരവുകള്‍
വസ്തു നികുതി 8500000
തൊഴില്‍ നികുതി 2600000
വിനോദ നികുതി 2000000
ആകെ നികുതി വരവ് 13100000
നികുതിയേതര വരവുകള്‍
വാടക 1520000
ഫീസുകളും യൂസര്‍ ചാര്‍ജ്ജുകളും 4224000
വില്പനകല്‍ 50000
പലിശകള്‍ 1875000
കാലഹരണപ്പെട്ട നിക്ഷേപങ്ങള്‍ 100000
മറ്റുള്ളവ 25000
ആകെ 7794000
വസ്തു നികുതി പിരിവ് എല്ലാ വര്‍ഷവും പൂര്‍ത്തീകരിക്കുന്നുവെങ്കിലും തനത് ഫണ്ട് വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് മുന്നിലുള്ള ഒരേയൊരു വഴി വസ്തു നികുതി പരിഷ്കരണം നടത്തി നികുതി നിര്‍ണ്ണയം കാര്യക്ഷമമാക്കുക എന്നതാണ്.വസ്തു നികുതിയില്‍ ഉള്‍പ്പെടേണ്ട പല കെട്ടിടങ്ങളും നിയമ ലംഘനമുള്‍പ്പടെയുള്ള പലകാരണങ്ങളാല്‍ നികുതിയില്‍ നിന്ന് ഒഴിവായിപ്പോയിട്ടുണ്ട്.മാറ്റം വരുത്തിയ കെട്ടിടങ്ങളുടെ വിസ്തീര്‍ണ്ണം തിട്ടപ്പെടുത്തി പുതുതായി നികുതി നിര്‍ണ്ണയം നടത്തുകയും നിയമലംഘനം കാരണം നമ്പര്‍ ലഭിക്കാതെ നികുതിയില്‍ നിന്ന് ഒഴിവായിപ്പോയ കെട്ടിടങ്ങള്‍ക്ക് അണ്‍ ഓതറൈസ്ഡ് നമ്പര്‍ നല്കി നിയമാനുസൃത നികുതി നിര്‍ണ്ണയം നടത്തുകയും ചെയ്താല്‍ വസ്തു നികുതി വരുമാനത്തില്‍ 10 ലക്ഷം രൂപയുടെ അധിക വരുമാനം കൈവരിക്കാന്‍ സാധിക്കും.ഈ വര്‍ഷം ഇത്തരത്തില്‍ നികുതി ഇനത്തില്‍ 50000 രൂപയുടേയും പെര്‍മ്മിറ്റ് ഫീസിനത്തില്‍ 10 ലക്ഷം രൂപയുടേയും വരുമാന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബജറ്റ് വര്‍ഷത്തിലും അതിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതാണ്..
വിവിധ സര്‍ക്കാര്‍ ഫണ്ടുകളുടേയും ഗ്രാന്‍ഡുകളുടേയും വരവുകള്‍
ക്ഷേമ പദ്ധതികള്‍/കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം 47500000 രൂപ
ക്ഷേമ പദ്ധതികള്‍/സംസ്ഥാനാവിഷ്കൃത പദ്ധതി വിഹിതം 5000000രൂപ
ജനറല്‍ പര്‍പ്പസ് ഗ്രാന്‍ഡ് 12597000 രൂപ
വികസന ഫണ്ട് (ജനറല്‍) 14511903 രൂപ
വികസന ഫണ്ട് (എസ്.സി.പി.) 925000 രൂപ
ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് 5914000 രൂപ
റോഡ് മെയിന്‍റനന്‍സ് ഫണ്ട് 15000000 രൂപ
നോണ്‍ റോഡ് മെയിന്‍റനന്‍സ് ഫണ്ട് ് 4075000 രൂപ
ബ്ലോക്ക് പഞ്ചായത്ത് വിഹിതം 3020000 രൂപ
ജില്ലാ പഞ്ചായത്ത് വിഹിതം 5640000 രൂപ
വകയിരുത്തലുകള്‍
കാര്‍ഷിക ഗ്രാമമായ കുന്നുമ്മലില്‍ കാര്‍ഷിക മേഖലയുടെ സ്വയം പര്യാപ്തതയ്ക്കും പരിപോഷണത്തിനുമായി നിരവധി പദ്ധതികള്‍ ഉല്‍പ്പാദനമേഖലയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിനായി 17.65 ലക്ഷം രൂപ വകയിരുത്തുന്നു.
നാളികേര വികസനം 11.95 ലക്ഷം
പച്ചക്കറി കൃഷി 1.25 ലക്ഷം
ഇടവിള കൃഷി 240000 ലക്ഷം
കുരുമുളക് കൃഷി 1 ലക്ഷം
നെല്‍ കൃഷി 75000 രൂപ
കവുങ്ങ് കൃഷി 30000 രൂപ
കാര്‍ഷിക മേഖലയ്ക്ക് സമാന്തരമായി മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരേണ്ടതുണ്ട്.അതിനായി താഴെപ്പറയുന്ന പദ്ധതികള്‍ക്ക് തുക വകയിരുത്തുന്നു.
ക്ഷീരവികസന പരിപാടികള്‍ 12.6 ലക്ഷം
കോഴി വളര്‍ത്തല്‍ 3 ലക്ഷം
എ ബി സി പ്രോഗ്രാം 1 ലക്ഷം
കായിക രംഗത്ത് നിരവധി പ്രതിഭകളെ സംസ്ഥാന, ദേശീയ തലത്തില്‍ സംഭാവന ചെയ്തിട്ടുള്ള ഒരു പ്രദേശമാണ് നമ്മുടേത്. പുതിയ തലമുറയില്‍പ്പെട്ട ധാരാളം പേര്‍ ഈ രംഗത്തേക്ക് കടന്നു വരുന്നുമുണ്ട്.എന്നാല്‍ പരിശീലനത്തിന് ആവശ്യമായ നിലവാരമുള്ള ഗ്രൗണ്ടുകളുടെ അപര്യാപ്തത നാം നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് പരിഹരിക്കുന്നതിനായി വട്ടോളി മിനി സ്റ്റേഡിയം നവീകരണത്തിനായി 40.25 ലക്ഷം രൂപ ഈ ബജറ്റില്‍ വകയിരുത്തുന്നു.
പൊതുവെ ഗ്രാമീണ സ്വഭാവമുള്ളതാണെങ്കിലും നഗരമാവാന്‍ വെമ്പുന്നതാണ് നമ്മുടെ ഓരോ നാട്ടിന്‍പുറവും. നമ്മുടെ മാലിന്യ പ്രശ്നങ്ങള്‍ ഇന്ന് നഗര ഗ്രാമ ഭേദമില്ലാതെ ഒരു വലിയ പാരിസ്ഥിതിക വിഷയമാണ്.കേരള സര്‍ക്കാരിന്‍റെ ഹരിത കേരള മിഷന്‍ ,,ശുചിത്വ മിഷന്‍ തുടങ്ങിയവയെല്ലാം സംയോജിപ്പിച്ചുകൊണ്ട് താഴെപ്പറയുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷം നാം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.ഇതിനായി 22.24 ലക്ഷം രൂപ 2025-26 വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തുന്നു.
ഖരമാലിന്യം നീക്കം ചെയ്യല്‍ 4 ലക്ഷം
വേസ്റ്റ് ബിന്‍ സ്ഥാപിക്കല്‍ 1.74 ലക്ഷം
ബോട്ടില്‍ ബൂത്ത് 2 ലക്ഷം
കണ്ടെയിനര്‍ എം.സി.എഫ് 5 ലക്ഷം
റിങ്ങ് കമ്പോസ്റ്റ് 6 ലക്ഷം
ശുചിത്വ സന്ദേശ ബോര്‍ഡ് 50000 രൂപ
പരിത കര്‍മ്മസേന പ്രവര്ത്തനം 1 ലക്ഷം
പൊതു സ്ഥലങ്ങളിലെ സി.സി. ടി.വി 2 ലക്ഷം
സ്ത്രീകളോടും കുട്ടികളോടും എങ്ങനെ പെരുമാറുന്നും എന്നതാണ് ഒരു സമൂഹത്തിന്‍റെ സാംസ്കാരിക അളവുകോല്‍ എന്ന് പൊതുവെ പറയാറുണ്ട്. പാട്രിയാര്‍ക്കല്‍ സൊസൈറ്റിയുടെ സകല അവശിഷ്ടങ്ങളും പേറുന്ന ഒരു സമൂഹമാണ് ഇപ്പോഴും നമ്മുടേത്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും കുട്ടികള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങളും ഒരു ആധുനിക സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാവുന്നതല്ല. നമ്മുടെ ഗ്രാമ പഞ്ചായത്തിന്‍റെ ഈ വര്‍ഷത്തെ ബജറ്റ് ജെന്‍റര്‍ സൗഹൃദമാവണമെന്ന ആഗ്രഹം നാം ഇവിടെ പങ്കുവെക്കുകയാണ്.ഇതിനായി സ്ത്രീകളുടേയും കുട്ടികളുടേയും വയോജനങ്ങളുടേയും ഭിന്നശേഷിക്കാരുടെയും ഉള്‍പ്പടെയുന്ന ജെന്‍റര്‍ സൗഹൃദ പദ്ധതികള്‍ക്കായി 38.664 ലക്ഷം രൂപ ഈ ബജറ്റില്‍ വകയിരുത്തുന്നു.
ജെന്‍ഡര്‍ പാര്‍ക്ക് നിര്‍മ്മാണം 6 ലക്ഷം
വനിത സ്വയം തൊഴില്‍ സംരഭങ്ങള്‍ 5 ലക്ഷം
ജാഗ്രതാ സമിതി 25000 രൂപ
പെണ്‍കുട്ടികള്‍ക്ക് കരാട്ടെ 50000 രൂപ
കുട്ടികള്‍ക്ക് കായിക ശേഷി ഉയര്‍ത്തല്‍ 1 ലക്ഷം
പ്രീ മാരേജ് കൗണ്‍സിലിങ്ങ് 25000 രൂപ
ബാല സഭ 25000 രൂപ
വയോജന പദ്ധതികള്‍ 2.5 ലക്ഷം
ബഡ്സ് സ്കൂള്‍ 8.164 ലക്ഷം
ഭിന്ന ശേഷി സൗഹൃദ പദ്ധതികള്‍ 14.75 ലക്ഷം
കിടപ്പാടമില്ലാത്തവര്‍ക്ക് പാര്‍പ്പിടമൊരുക്കുന്ന കേരള സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതിക്കൊപ്പം നമ്മുടെ പഞ്ചായത്തും കൈകോര്‍ക്കുന്നു.ലൈഫ് മിഷനായി പൊതു വിഭാഗത്തില്‍ 1.4 കോടി രൂപയും പട്ടികജാതി മേഖലയിലെ ഭവന നിര്‍മ്മാണത്തിനായി 6.1 ലക്ഷം രൂപയും ഈ ബജറ്റില്‍ വകയിരുത്തുന്നു.കൂടാതെ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് 20.88 ലക്ഷം രൂപ കൂടി അധികമായി വകയിരുത്തുന്നു.
കൂടാതെ പട്ടിക ജാതി വികസന പദ്ധതികള്‍ക്കായി 9.25 ലക്ഷം രൂപയും അംഗനവാടിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 48.96 ലക്ഷം രൂപയും ഈ ബജറ്റില്‍ വകയിരുത്തുന്നു.
ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നവുമായി അതിവേഗം മുന്നോട്ടു പോവുന്ന കേരള സര്‍ക്കാരിന്‍റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ പഞ്ചായത്തും പിന്തുണ നല്കുകയാണ്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി 6.58 ലക്ഷം രൂപ ഈ ബജറ്റില്‍ വകയിരുത്തുന്നു.
മററ് പ്രധാന ചെലവുകള്‍/വകയിരുത്തലുകള്‍ (സംക്ഷിപ്തം)
ജീവനക്കാര്യം ചെലവുകള്‍ 18250000 രൂപ
ജനപ്രതിനിധി ചെലവുകള്‍ 1800000 രൂപ
ഭരണ ചെലവുകള്‍ 3228000 രൂപ
മരുന്ന് വാങ്ങള്‍(ഇംഗ്ലീഷ്/ഹോമിയോ/ആയുഷ്) 1200000 രൂപ
പാലിയേറ്റീവ് ,ആരോഗ്യ പരിപാടികള്‍ 210000 രൂപ
പരിസ്ഥിതി സംരക്ഷണം 75000രൂപ
അനൗപചാരിക വിദ്യാഭ്യാസം 50000 രൂപ
കേരളോത്സവം 50000 രൂപ
ഘടക സ്ഥാപന ദൈനംദിന ചെലവുകള്‍ 425000 രൂപ
കുടിവെള്ളം 364637 രൂപ
കമ്പ്യൂട്ടര്‍ വല്‍ക്കരണം 50000 രൂപ
റോഡ് നിര്‍മ്മാണം 700000 രൂപ
ദുരന്ത നിവാരണ ഉപകരണങ്ങള്‍ 20000 രൂപ
റോഡ് സംരക്ഷണം 15000000 രൂപ
റോഡിതര ആസ്തി സംരക്ഷണം 4075000 രൂപ
കമ്മ്യൂണിറ്റി ഹാള്‍ നവീകരണം 200000 രൂപ
അഭിവാദനങ്ങളോടെ,
വിജിലേഷ് വൈസ് പ്രസിഡന്‍റ്, കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത്